Wednesday, May 20, 2009

ഭ്രാന്തന്‍ ......................!!!!!!


“ഹലോ.... അച്ഛാ ..,“
“ങ്ഹാ.. പറയെടീ...”
“ഹലോ... അച്ഛാ ..., അതേയ്... എന്റെ ഗിറ്റാറിന്റെ സ്ട്രിംഗ് പൊട്ടി ...!“
“ങ്ഹാ... ഞാന്‍ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“
“പിന്നെ അച്ഛാ ....!! ഹലോ.... ഹലോ....!!“
മറുവശത്ത് അച്ഛന്‍ മൊബൈല് ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ അച്ഛന്‍ ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോള്‍ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും അച്ഛന്‍റെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്.
“എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??”

അമ്മ അടുക്കളയില്‍ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താന്‍ കഴിഞ്ഞത്.
“ഞാനിവിടെ എന്തു ചെയ്യാന്‍ ...!“
“അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാന്‍ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോണ്‍ ചെയ്യുവാണോന്ന്...!!!“
“അതിനു അമ്മക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കില്‍ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“
“ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“
പിന്നെ ഒന്നും മിണ്ടിയില്ലാ... അല്ലെങ്കില്‍ തന്നെ മിണ്ടീയിട്ടെന്തു കിട്ടാന്‍ . ഒരുപക്ഷെ ഞാന്‍ തന്നെ..., അല്ലെങ്കില്‍ എല്ലാവരും കൂടി... എന്റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്തു . ഇനിയിപ്പോ അതൊക്കെ ചിന്തിച്ചിരുന്നിട്ട് എന്തു കാര്യം...?? ഇത്തിരി നേരം ടിവി കണ്ടിരിക്കാം...!! ടിവിയില്‍ എന്തെല്ലാമോ നടക്കുന്നു. മനസ് ഒരിടത്ത് ഏകാഗ്രമാക്കാൻ കഴിയുന്നില്ലാ. ടിവിയില്‍ കാണുന്നതെല്ലാം എവിടെയൊക്കെ തന്റെ തന്നെ ജീവിതമാണെന്ന് തോന്നിപ്പോകുന്നു. എപ്പോഴൊക്കെയോ നടന്നവ... അല്ലെങ്കില്‍ ഇനിയും നടക്കാനിരിക്കുന്നവ...!!
എങ്ങനെയൊക്കെയോ സമയം പോയതറിഞ്ഞില്ല...! കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ട് എഴുന്നേറ്റു. അച്ഛനാണ് . വാതില്‍ തുറന്നപ്പോഴേ മനസിലായി അച്ഛന്‍ നല്ല മൂഡിലല്ലാ. പോക്കറ്റില്‍ നിന്നും ഗിറ്റാറിന്റെ സ്ട്രിംഗ് എടുത്തു തന്നിട്ട് വല്ലാത്തൊരു നോട്ടം നോക്കി.
“എന്താ അച്ചന് ഒരു വല്ലാത്ത ദേഷ്യം...?”
“ഓ.. ഞാനിപ്പോ ദേഷ്യം കാണിച്ചിട്ടെന്താവാനാ...??”
ആ വിഷയം പെട്ടന്ന് തന്നെ അമ്മ വന്ന് ഏറ്റുപിടിച്ചു.
“എന്തിനാ ഇപ്പോ നിങ്ങള്‍ ദേഷ്യം കാണിക്കുന്നെ...?? എന്താ ഇപ്പോ സംഭവിച്ചത്...??”
“ഒന്നിമില്ലാടീ... ഇവളുടെ ആ പഴയ കോന്തനെ കണ്ടാരുന്നു... ബസ് സ്റ്റാന്‍ഡില്‍ വച്ച്. എനിക്കറിയാന്‍ മേലാ.. അവനെ കാണുമ്പോ എനിക്കാകെ ചൊറിഞ്ഞു കയറും...!“
“അതിനിപ്പോ നിങ്ങളെന്തിനാ മനുഷേനെ ഇവിടെ വന്ന് ചൂടാവണത്...?? അവള്‍ക്കൊരു തെറ്റു പറ്റി... അവളത് വിടുകേം ചെയ്തില്ലേ...!! രണ്ടു മാസം കഴിയുമ്പോ ആ കോടതീന്ന് കേസങ്ങട് തീര്ന്നു കിട്ടുകേം ചെയ്യും...!!“
“അതൊക്കെ ശരിയാരിക്കും.... എന്നാലും എനിക്കവനെ കാണുമ്പോ ദേഷ്യം വരും... അല്ലെങ്കിലും അവനെ കണ്ടേച്ചാലും മതി... തലയും മൊട്ടയടിച്ച് ............. ഒരു ഭ്രാന്തന്‍ ...!! എന്നാലും ഇവളാ ഭ്രാന്തന്റെ പുറകേ നടന്ന്, നമ്മളു പോലും അറിയാതെ അവനെ കെട്ടിയല്ലോ എന്നോര്‍ക്കുംബോഴാ ...!!!“
അമ്മ തന്റെ നേരെ തിരിഞ്ഞു.... “നീ പറയു ..., നിനക്കാ ഭ്രാന്തന്റെ കൂടെയാരുന്നോടീ ജീവിക്കേണ്ടത്...??? ബുദ്ധിയും ബോധവും ഇല്ലാത്ത ഇതു പോലൊരു മണ്ടി...!“
ഒന്നും മറുപടി പറയാന്‍ നിന്നില്ലാ. അകത്തേ മുറിയിലേക്ക് നടന്നു. കിടന്നേക്കാം. അല്ലെങ്കില്‍ ഈ സംസാരം എന്നെ കരയിച്ചേ അമ്മ നിറുത്തു. കരഞ്ഞ് കരഞ്ഞ് ഞാന്‍ മടുത്തിരിക്കുന്നു. ഇനി വയ്യ. മുറിയില്‍ കയറി വാതില്‍ ചാരി, ലൈറ്റ് ഓഫാക്കി, കട്ടിലിലേക്ക് വീഴുകയായിരുന്നു. കരയാന്‍ ആഗ്രഹമില്ലാ എങ്കിലും മനസ് നീറുന്നു. മുകളില്‍ ആരോടോ പകപോക്കാനെന്നവണ്ണം കറങ്ങുന്ന ഫാന്‍ നോക്കി അങ്ങനെ കിടന്നപ്പോള്‍ അച്ഛന്‍റെ വാക്കുകള്‍ മനസ്സില്‍ വീണ്ടൂം കേട്ടു.
“അല്ലെങ്കിലും അവനെ ഇപ്പോ കണ്ടേച്ചാലും മതി...തലയും മൊട്ടയടിച്ച് ............. ഒരു ഭ്രാന്തന്‍ ...!!“
അതേ... ഞാനാ ഭ്രാന്തന്റെ പിന്നാലേ തന്നെയാണ് നടന്നത്. തന്നെ സ്നേഹിക്കാന്‍ ഭ്രാന്ത് കാണിച്ചവന്‍ . ഭ്രാന്തമായി തന്നെ സ്നേഹിച്ചവന്‍ . സ്നേഹത്തിന് അതിരുകള്‍ ഇല്ലാ എന്ന് വിശ്വസിച്ചവാന് .... തന്നെ വിശ്വസിപ്പിച്ചവന്‍. പ്രണയമവന് ഭ്രാന്തായിരുന്നു. ആ ഭ്രാന്തിനോടെനിക്ക് പ്രണയവും. എന്നാലിന്നിതാ, തന്നെ ഭ്രാന്തിയാക്കിക്കൊണ്ട് ആ പ്രണയം എന്നില്‍ നിന്നും നിന്നും എല്ലാവരും ചേര്ന്നു അടര്‍ത്തി എടുത്തിരിക്കുന്നു . താനും അവനെ തള്ളിപ്പറഞ്ഞു... ആര്‍ക്കൊക്കെയോ വേണ്ടി , അല്ലെങ്കില്‍ തന്നെ ജനിപ്പിച്ചവര്‍ക്ക് വേണ്ടി. ഇനിയൊരിക്കലും തനിക്കാ പ്രണയവും, പ്രണയിച്ചുറങ്ങുന്ന ഭ്രാന്തനേയും തിരികേ കിട്ടില്ലാ. അറിയാതെ, ആഗ്രഹിക്കാതെ ഒരിറ്റു കണ്ണുനീര്‍ കണ്ണില്‍ നിന്നും പൊടിഞ്ഞ് കവിളിലൂടെ ഒലിച്ച് ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞു, അവന്റെ ചില ഭ്രാന്തന്‍ - ചിന്തകള്‍ ........ അവന്‍ തന്‍റെ കണ്ണ് നീരാവാന്‍ ആഗ്രഹിച്ചു... തന്റെ കണ്ണുനീരായീ... തന്റെ കവിളിലൂടെ ഒലിച്ചിറങ്ങി... തന്റെ ചുണ്ടില്‍ ലയിക്കാന്‍ ആഗ്രഹിച്ചു...!! പക്ഷെ.....!!!
ഇനി ഒരുപക്ഷെ അച്ഛന്‍ പറഞ്ഞതനുസരിച്ച്, ഇന്നവന്‍ യഥാര്‍ഥത്തില്‍ ഭ്രാന്തനായിരിക്കുന്നുവോ ആവോ? മുകളില്‍ ഇരുട്ടില്‍ കറങ്ങുന്ന ഫാന്‍ തന്നെ നോക്കി ഗോഷ്ടികള്‍ കാട്ടി പേടിപ്പിക്കുന്നതായി തോന്നുന്നു.കണ്ണുകള്‍ മുറുക്കി അടച്ചു. കണ്ണില്‍ നിന്നും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ചെവിയില്‍ വീണു. ചെവിയില്‍ തളംകെട്ടി നിന്ന കണ്ണുനീര്‍ തന്റെ കാതിനോട് മെല്ലെ ചോദിച്ചു..... “അവനെ ഭ്രാന്തനാക്കിയത് നീയല്ലേ...?”
പിന്നെയുമൊഴുകിയ കണ്ണുനീര്‍.. ചെവിയിലിടം കിട്ടാതെ കിടക്കയെ പ്രണയിച്ച് അതിലലിഞ്ഞുകൊണ്ടെയിരുന്നു.............

No comments:

Post a Comment